കാർത്തികപുരം: ഉദയഗിരി പഞ്ചായത്തിലെ ഉരുൾപൊട്ടലും മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ എൽഡിഎഫ് നേതാക്കൾ സന്ദർശിച്ചു. താളിപ്പാറ, താബോർ, അരിവിളഞ്ഞപൊയിൽ, ഇരട്ടപ്പാലം, വെള്ളാട്ടുകൊല്ലി പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. ഉദയഗിരി-താബോർ റോഡിൽ താളിപ്പാറഭാഗം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.
മെക്കാഡം ടാർ ചെയ്ത റോഡ് പൂർണമായും തകർന്ന നിലയിലാണ്. ഇതുവഴി സർവീസ് നടത്തിയി രുന്ന ബസുകളും ഓട്ടം നിർത്തിയിരിക്കുകയാണ്. താബോർ മുണ്ടേരിതട്ട് റോഡ് സൈഡ് ഇടിഞ്ഞ് അപകട ഭീഷണിയിലാണ്. മാമ്പോയിൽ ജയഗിരി മണ്ണാത്തിക്കുണ്ട് റോഡ് തകർന്ന് കാൽനടയാത്ര പോലും ദുസഹമായി. ഇതുവഴിയുള്ള ബസുകൾ സർവീസ് നിർത്തി.
പഞ്ചായത്തിലെ 10 റോഡുകൾ വൻ അപകട ഭീഷണിയിലാണ്. നിരവധി വീടുകളും ദുരന്തത്തിൽ പെട്ടു. ദുരന്ത നിവാരണത്തിന്റെ ഭാഗമായി അടിയന്തര നടപടികൾ സ്വീകരിച്ച് ജനജീവിതം പൂർവസ്ഥിതിയിലാക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. നേതാക്കളായ സാജൻ ജോസഫ്, കെ.എസ്. ചന്ദ്രശേഖരൻ, എൻ.എം. രാജു, കെ.ടി. സുരേഷ് കുമാർ, കെ.ആർ. രതീഷ്, ബി. ശ്രീകുമാർ, ജെയ്സൺ പല്ലാട്ട്, ഇ.വി. ജോയി എന്നിവരാണ് സന്ദർശനം നടത്തിയത്.